NRI
ലണ്ടൻ: ലണ്ടനിൽ യുഡിഎഫ് യുകെ ഘടകം ഈസ്റ്റ് ലണ്ടനിലെ ബാർക്കിംഗ് റോഡിൽ ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ സംഘടിപ്പിച്ച ഇലക്ഷൻ കാമ്പയിൻ "പുതുയുഗ കേരളം' ജനപങ്കാളിത്തം കൊണ്ട് ഗംഭീര വിജയമായി.
മാർച്ച് 29ന് വൈകുന്നേരം ആറിന് ആരംഭിച്ച യോഗത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഓൺലൈൻ വഴി നിർവഹിച്ചു.
പാണക്കാട് മുനവ്വർ അലി തങ്ങൾ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു.
NRI
മനാമ: എൽഡിഎഫ് തുടർഭരണം ഉറപ്പുവരുത്തുന്നതിലൂടെ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയം കേരളത്തിന്റെ സാഹോദര്യ ഭൂമികയിൽ സ്ഥാപിക്കനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു.
പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണം സ്ഥാപിക്കുന്നതിന് സംഘപരിവാറിന് എന്നും തടസമായത് വിവിധ മതസാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള സാഹോദര്യവും സൗഹൃദവും ശക്തമായ രണ്ട് മതേതര മുന്നണികളുടെ സാന്നിധ്യവുമായിരുന്നു.
ഇത് തകർക്കുക എന്ന ബിജെപി പദ്ധതിയാണ് കഴിഞ്ഞ 10 വർഷമായി സിപിഎം അധികാരത്തിലിരുന്ന് നടപ്പിലാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംഘടനാപരമായ താത്പര്യങ്ങളെക്കാൾ സംസ്ഥാനത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ച പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഇർഷാദ് കോട്ടയം നിയന്ത്രിച്ചു.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29ന് ഡാളസിലെ വാൽവുഡ് പാർക്ക്വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐഒസി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു.
കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന നിർണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
പ്രവാസികളുടെ വോട്ടുകൾ യുഡിഎഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ ഡാളസിലെ ഐഒസി പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാൻ ആവശ്യപ്പെട്ടു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐഒസി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ് ചാപ്റ്റർ തങ്ങളുടെ വിഹിതം നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായ ബിനോയ് ഫിലിപ്പ് (ട്രഷറർ), സിബു ജോസഫ് (ജോയിന്റ ട്രഷറർ), വെസ്ലി മാത്യു (എക്സിക്യൂട്ടീവ് അംഗം), ജോഫി ജേക്കബ് (യൂത്ത് കോഓർഡിനേറ്റർ), ജെ.പി. ജോൺ (സീനിയർ അഡ്വൈസർ), സിജു ജോർജ് (എക്സിക്യൂട്ടീവ് അംഗം) എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച യോഗം ചർച്ചകൾക്ക് ശേഷം 6.30ഓടെ അവസാനിച്ചു. ജോയിന്റ് സെക്രട്ടറി നെബു കുര്യാക്കോസ് യോഗത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച സംസ്ഥാനത്തെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് സ്ഥാനാർഥികൾക്കായി അദ്ദേഹം പ്രചാരണം നടത്തും.
സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ എത്തേണ്ടിയിരുന്നത്. എന്നാൽ രാഹുലിന് വരാന്‍ കഴിയാത്തത് കൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് എത്തിയത്.
പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ബിജെപി ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തുന്നുണ്ട്. കേന്ദ്രമന്ത്രി അമിത്ഷാ 31ന് തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.
മോദിക്കും അമിത്ഷായ്ക്കും പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, എസ്. ജയ്ശങ്കര്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും സംസ്ഥാനത്തെത്തും.
NRI
ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി സമൂഹത്തെ സജീവമായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി യുഡിഎഫ് യൂറോപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ഈ വരുന്ന ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് നടക്കും.
യുകെ സമയം വൈകുന്നേരം 4.30നും യൂറോപ്പ് സമയം വൈകുന്നേരം 5.30നും ആരംഭിക്കുന്ന പരിപാടി ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴി സംഘടിപ്പിക്കപ്പെടും.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ് പാർട്ടി വർക്കിംഗ് കമ്മിറ്റി സ്ഥിരം ക്ഷണിതാവും യുഡിഎഫ് ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും.
കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖ യുഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പരിപാടിയിൽ പങ്കെടുക്കുകയും പ്രവാസി മലയാളികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.
അൻവർ സാദത്ത് (ആലുവ), വി.എസ്. ജോയ് (തവനൂർ), സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), കെ.എം. അഭിജിത്ത് (നാദാപുരം), മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ഷിബു തെക്കുംപുറം (കോതമംഗലം), എ.ഡി. തോമസ് (ആലപ്പുഴ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), പഴകുളം മധു (റാന്നി), എ.പി. അനിൽകുമാർ (വണ്ടൂർ), അപ്പു ജോൺ ജോസഫ് (തൊടുപുഴ), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), പി.കെ. ബഷീർ (എറനാട്), കെ. പ്രവീൺകുമാർ (കൊയിലാണ്ടി), രമേശ് പിഷാരടി (പാലക്കാട്) എന്നിവർ പങ്കെടുക്കും.
കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ, മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങൾ, വികസന കാഴ്ചപ്പാടുകൾ തുടങ്ങിയവയെക്കുറിച്ച് സ്ഥാനാർഥികൾ പരിപാടിയിൽ വിശദീകരിക്കും. പ്രവാസി സമൂഹത്തിന്റെ ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും നേരിട്ട് മറുപടി നൽകുന്നതിനുള്ള അവസരവും പരിപാടി ഒരുക്കുന്നുണ്ട്.
പ്രവാസി മലയാളികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓൺലൈൻ ഇടപെടലുകളിലൂടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഊർജം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ്, കൺവീനർ സണ്ണി ജോസഫ് എന്നിവർ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂം ലിങ്ക് വഴി പ്രവേശിക്കാം. സൂം ലിങ്ക്: https://us06web.zoom.us/j/81109719244?pwd=BcabjEPC7SIbryFdYJuSy68QXtbL3b.1
Meeting ID: 811 0971 9244, Passcode: udfeurope.
NRI
ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് ആരംഭിച്ച പരിപാടിയിൽ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. കേരളത്തിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാൻ 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി പ്രവാസികൾ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ, കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ, റോജി ജോൺ എംഎൽഎ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
നിലവിലെ ഭരണത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കൾ അവരുടെ പ്രസംഗങ്ങളിൻ അവതരിപ്പിച്ചു.
Kerala
പയ്യന്നൂര്‍: സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി നടത്തിയ ചുമരെഴുത്ത് ഇരുട്ടി വെളുത്തപ്പോൾ എല്‍ഡിഎഫിന്റേതാക്കി മാറ്റി.
പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി.കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള ചുമരെഴുത്താണ് ഇന്നലെ രാവിലെ എല്ഡിഎഫിന്റെതായി മാറ്റിയെഴുതപ്പെട്ടത്.
അന്നൂര്‍ കണ്ടക്കോരന്മുക്കിലാണ് സംഭവം. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ വിജയിപ്പിക്കുകയെന്ന ചുമരെഴുത്ത് പൂർത്തിയാക്കി പ്രവർത്തകർ പിരിഞ്ഞത്.
ഇന്നലെ രാവിലെ വി. കുഞ്ഞികൃഷ്ണന്റെ ചുമരെഴുത്തിനു മുകളിൽ ഓരോ വോട്ടും എൽഡിഎഫിനെന്നെഴുതി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചിഹ്നവുമാണു പ്രത്യക്ഷപ്പെട്ടത്.
കൂട്ടത്തില്‍ അന്നൂര്‍ സഖാക്കളെന്നും എഴുതിയിട്ടുണ്ട്. ഇതിനെതിരെ യുഡിഎഫ് മുനിസിപ്പല്‍ ചെയര്മാന് എ. രൂപേഷ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി. വൈകുന്നേരത്തോടെ പോലീസെത്തി ചുമരെഴുത്ത് ഗ്രീൻ നെറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്.
District News
തുറവൂർ: അരൂരിൽ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നു. പത്രിക സമർപ്പണം കഴിഞ്ഞതോടെ സ്ഥാനാർഥികളുടെ പര്യടനം ശക്തമായി മുന്നേറുകയാണ്.
യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ കോടംതുരുത്ത്, എരമല്ലൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ രാവിലെ സന്ദർശനം നടത്തുകയും മരണവീടുകളിൽ പോകുകയും ചെയ്തു. കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം നടത്തുന്ന കല്ലറ സന്ദർശിക്കുകയും അദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് അനുഗ്രഹം തേടുകയും വൈകിട്ട് അരൂക്കുറ്റി മേഖലയിൽ പര്യടനവും നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദെലീമ ജോജോ അരൂക്കുറ്റിയിൽനിന്നു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. അരൂക്കുറ്റിയിലെയും വടുതലയിലെയും ഓടമ്പള്ളിയിലെയും പീലിംഗ് ഷെഡുകളിൽ എത്തി തൊഴിലാളികളെ നേരിൽകണ്ട് വോട്ടഭ്യർഥന നടത്തി. അരൂരിലെ മരണവീട്ടിലും ഓടമ്പള്ളിയിലെ സ്വകാര്യ ഭക്ഷ്യോത്പന്ന സ്ഥാപനത്തിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും സ്ഥാനാർഥിയെത്തി. വൈകിട്ട് പൂച്ചാക്കൽ ടൗണിൽ കടകമ്പോളങ്ങൾ സന്ദർശിച്ചു. ഉളവയ്പ്പിലെ ക്ഷേത്രോത്സവ ചടങ്ങിലും ചേലാട്ടുഭാഗം ക്ഷേത്രോത്സവ ചടങ്ങിലും എത്തി.
നൂറുകണക്കിന് എൻഡിഎ പ്രവർത്തകർ പ്രകടനം നടത്തി. അരൂർ നിയോജകമണ്ഡലം സ്ഥാനാർഥി പി.എസ്. ജ്യോതിസ് ഇന്നലെ 12.30ന് വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനുശേഷം തുറവൂർ പഞ്ചായത്തിലെ വ്യപാര സ്ഥാപനങ്ങളും ഭവനങ്ങളും തൊഴിൽ ഉറപ്പ് ഇടങ്ങളും സന്ദർശിച്ചു വോട്ടഭ്യാർഥിച്ചു.
District News
ചെറുപുഴ: തെരഞ്ഞെടുപ്പിൽ ബോർഡുകളും ബാനറുകളും ഒഴിച്ചുകൂടാനാകാത്തതാണ്. കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ മലയോരത്തേയ്ക്കുള്ള ബോർഡുകളുടെ ഫ്രെയിമുകൾ ഒരുങ്ങുന്നത് തിരുമേനിയിൽ നിന്നാണ്. കണ്ണൂർ ജില്ലയിലെ പേരാവൂർ, പഴയങ്ങാടി മുതൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് വരെ ഇവർ ഫ്രെയിമുകൾ എത്തിക്കുന്നു. തിരുമേനിയിലെ കെപി ഫർണിച്ചറാണ് വ്യാപകമായ രീതിയിൽ തടികൊണ്ടുള്ള ഫ്രെയിമുകൾ നിർമിക്കുന്നത്.
അഞ്ചടി ഉയരവും മൂന്ന് അടി വീതിയുമുളളതു തുടങ്ങി 18 അടി ഉയരവും 15 അടി വീതിയുമുള്ള ഫ്രെയിമുകൾ വരെ ഇവർ നിർമിക്കുന്നുണ്ട്. ചെറുതിന് ഒന്‍പതു കോൽ പട്ടിക വേണം.150 മുതൽ 500 രൂപ വരെയാണു ഫ്രെയിമുകളുടെ വില. മഹാഗണി, മരുത് തുടങ്ങിയവയുടെ പട്ടിക ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. പ്രിന്റിംഗ് സ്ഥാപനങ്ങൾ നൽകുന്ന ഓർഡർ അനുസരിച്ച് ഇവ ഉണ്ടാക്കി നൽകും.
കെപി ഫർണിച്ചർ ഉടമ കൃഷ്ണപുരം കെ.പി. സുനീഷ്, സഹായിയും ഡ്രൈവറും വിതരണക്കാരനുമായ നെച്ചിക്കാട്ട് എൻ.കെ. റെജിനും ചേർന്നാണ് ഇവ നിർമിക്കുന്നത്. ഒരുദിവസം 150 മുതൽ 200 വരെ ഫ്രെയിമുകൾ ഇവർ നിർമിക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 4500 ലേറെ ഫ്രെയിമുകൾ ഇവർ നിർമിച്ചു നൽകി. അടുത്തടുത്ത് രണ്ടു തെരഞ്ഞെടുപ്പുകൾ വന്നത് തങ്ങൾക്ക് തൊഴിൽപരമായും സാമ്പത്തികമായും ഗുണകരമായി എന്ന് ഇരുവരും പറയുന്നു.
District News
മാനന്തവാടി: എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളു ഇന്നലെ രാവിലെ പത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
സ്ഥാനാർഥി ആദ്യമെത്തിയത് തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ കാണാനാണ്. പിന്നീട് ഫാക്ടറിയിലെ തൊഴിലാളികളേയും മാനേജ്മെന്റ് പ്രതിനിധികളേയും കണ്ടു. തുടർന്ന് കാട്ടേരിക്കുന്ന് പ്രദേശം സന്ദർശിച്ചു. ശേഷം ചുങ്കം മഹല്ല് കമ്മിറ്റി ഭാരവാഹികളേയും പ്രദേശത്തെ പൗരപ്രമുഖരേയും കണ്ടു.
ചുവരെഴുത്തും ബാനർ ക്രമീകരണം തുടങ്ങിയ വിവിധ പ്രചാരണ പരിപാടികളിൽ സജീവമാണ് പ്രവർത്തകർ. കഴിഞ്ഞ ദിവസം വിപുലമായ രീതിയിൽ റോഡ് ഷോ നടത്തിയിരുന്നു.
ബാനറും ഫ്ളക്സുകളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് പ്രചാരണം ചൂടുപിടിപ്പിക്കുകയാണ് പ്രവർത്തകർ. ഇത്തവണയും എൽഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷയിലാണ് പ്രവർത്തകർ. വിവിധയിടങ്ങളിൽ എൽഡിഎഫ് നേതാക്കളായ ടി.കെ. പുഷ്പൻ, കെ.എം. വർക്കി, കെ.പി. ഷിജു, സജേഷ് സെബാസ്റ്റ്യൻ, ഷിജു എം. ജോയ്, കെ.എം. സുധാകരൻ എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
ഒ.ആർ. കേളു ഇന്ന് പത്രിക സമർപ്പിക്കും
മാനന്തവാടി: നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി ഒ.ആർ. കേളു ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
എൽഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ പി.വി. സഹദേവൻ, സെക്രട്ടറി എ.എൻ. പ്രഭാകരൻ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.കെ. ശശിധരൻ, കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, എൻസിപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. നൂറുദ്ദീൻ, കേരള യൂത്ത് ഫ്രണ്ട്-ബി ജില്ലാ പ്രസിഡന്റ് അനിൽ വള്ളുവക്കണ്ടി, സിപിഐ ജില്ലാ കമ്മിറ്റിയംഗം നിഖിൽ പദ്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. ഉച്ചയോടെ എരുമത്തെരുവിലെ സിഐടിയു ഓഫീസ് പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി സബ് കളക്ടറുടെ കാര്യാലയത്തിൽ എത്തിയാണ് പത്രിക സമർപ്പിക്കുക.
രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എൽഡിഎഫ് പ്രവർത്തക സമിതി രൂപീകരണ യോഗം ചേരും. സിപിഎം കേന്ദ്ര സമിതിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളായ സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.
മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് പിണറായി സർക്കാരിൽ മന്ത്രി എന്ന നിലയിൽ ശ്രദ്ധേയ പ്രവർത്തനമാണ് ഒ.ആർ. കേളു നടത്തിയത്. മെഡിക്കൽ കോളജ് എന്ന വയനാടൻ ജനതയുടെ സ്വപ്നം യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. മാനന്തവാടി നഗരത്തിൽനിന്നു വിളിപ്പാടകലെ അന്പുകുത്തിയിൽ മെഡിക്കൽ കോളജിന് സ്ഥലം ഏറ്റെടുക്കുന്നതിനു പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
മലയോര ഹൈവേ, ഉൾനാടൻ റോഡുകളുടെ നവീകരണം, വള്ളിയൂർക്കാവ് പാലം, ചൂട്ടക്കടവ്-വിമലനഗർ, വാളാട്-പേര്യ റോഡ്, പുലിക്കാട്ട് കടവ് പാലം തുടങ്ങി നിരവധി വികസന പദ്ധതികളാണ് ഒ.ആർ. കേളു മണ്ഡലത്തിൽ നടപ്പാക്കിയതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
District News
കൊല്ലം: യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് റോഡ്ഷോയോട് കൂടി തുടക്കം കുറിച്ചു.
ഇന്നലെ രാവിലെ 8.30 ന് ഡിസിസിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഫ്ളാഗ്ഓഫ് ചെയ്തു. മണ്ഡലത്തിലുടെനീളം ആവേശകരമായ പര്യടനം പൂർത്തിയാക്കി രണ്ടോടെ ലിങ്ക് റോഡിൽ സമാപിച്ചു. ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർഥിയുടെ റോഡ്ഷോയിൽ പങ്കുചേർന്നു.
മേയർ എ. കെ. ഹഫീസ്,യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. ആർ. പ്രതാപചന്ദ്രൻ, കൺവീനർ ആർ. സുനിൽ, യു ഡി എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
അതേസമയം ബിന്ദുകൃഷ്ണ ഇന്ന് 12ന് കൊല്ലം കളക്ടറേറ്റിൽ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി .ആർ. പ്രതാപചന്ദ്രനും കൺവീനർ ആർ. സുനിലും അറിയിച്ചു.
ആനന്ദവല്ലീശ്വരത്ത് നിന്നും പ്രകടനമായി എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി നേതാക്കൻമാരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തും.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി ഓഫീസിന് മുൻപിൽ നിന്നുമാണ് ബിന്ദു കൃഷ്ണയുടെ പ്രചരണം ആരംഭിച്ചത്.
വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടത് ദുർഭരണത്തിനെതിരെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎൽഎ ഇവിടെ ഇല്ലാതിരുന്നിട്ടും കുറച്ച് വോട്ടിന് തോറ്റ ഞാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നത് ജനങ്ങൾക്ക് അറിയാം. അവരുടെ കുടുംബാംഗമായി ഇന്നും നാളെയും അവരോടൊപ്പം ഞാനുണ്ടാകും.-ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
District News
കോതമംഗലം: കോതമംഗലം നഗരത്തിൽ പ്രകടനത്തോടെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ ഇലക്ഷൻ പ്രചാരണത്തിന് തുടക്കമായി.
എകെജി സെന്ററിന്റെ മുന്നിൽ നിന്നും സ്ഥാനാർഥി ആന്റണി ജോണിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം നഗരം ചുറ്റി കോഴിപ്പിള്ളി പാർക്ക് വ്യൂ ജംഗഷനിൽ സമാപിച്ചു.
District News
ചങ്ങനാശേരി: വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പു രംഗത്ത് ചൂടേറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്-എം അംഗവും നിലവിലെ എംഎല്‍എയുമായ ജോബ് മൈക്കിളിനെ പ്രഖ്യാപിച്ചതോടെ അദ്ദേഹം പ്രചാരണവുമായി കളത്തിലിറങ്ങി.
കേരള കോണ്‍ഗ്രസിനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനംഗം വിനു ജോബ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചനകള്‍ നല്‍കുന്നത്.
നാല്പതു വര്‍ഷക്കാലം ചങ്ങനാശേരിയില്‍ യുഡിഎഫിനു നേതൃത്വം നല്‍കുകയും ഒമ്പതുതവണ വിജയിക്കുകയും ചെയ്തത് സി.എഫ്. തോമസായിരുന്നു. 1980 മുതല്‍ 2020 സെപ്റ്റംബര്‍ 27ന് അന്തരിക്കും വരെ അദ്ദേഹം തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗങ്ങളിലും ചെലുത്തിയ സ്വാധീനമായിരുന്നു സി.എഫിന്റെ കൈമുതല്‍. അദ്ദേഹത്തിന്റെ കാലശേഷം 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് യുഡിഎഫിന് നഷ്ടമായത് സി.എഫിന്റെ സ്വീകാര്യത തെളിയിക്കപ്പെട്ടു.
എംഎല്‍എ ആയിരുന്ന കാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളുടെയും ചുക്കാന്‍ പിടിച്ചിരുന്നതും സി.എഫ്. തോമസ് തന്നെയായിരുന്നു.സി.എഫിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ്-എം അംഗം ജോബ് മൈക്കിളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ നടത്തിയ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയാണ് ജോബ് മൈക്കിള്‍ തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്ത്തകൻ കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.
കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്.
കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പോലീസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സ്വയം ചുവരെഴുതിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.
എന്നാല്‍, സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്ത് മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
Movies
മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ഒരു വീട്ടിൽ തീ പടർന്ന സംഭവത്തിൽ പ്രതികരണവുമായി നടി ഡെയ്സി ഷാ.
'ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഉറപ്പാക്കണം. വീടുകൾക്ക് സമീപം പടക്കം പൊട്ടിക്കുകയല്ല വേണ്ടത്. പൗരബോധമില്ലാതെ ആളുകൾ പെരുമാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്'-ഡെയ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ പ്രചാരകർക്ക് വീടുതോറും പോകാൻ അനുമതി നിഷേധിച്ച തന്റെ ബിൽഡിംഗ് കമ്മിറ്റിക്ക് അവർ നന്ദി പറഞ്ഞു. സംഭവത്തിന് ശേഷം തീപിടിത്തമുണ്ടാകാൻ കാരണമായവർ ഓടി രക്ഷപ്പെട്ടതായും ഇതിന്റെ പ്രത്യാഘാതം ഇനി താമസക്കാർ നേരിടേണ്ടിവരുമെന്നും നടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ച സാമഗ്രികൾ ഉടൻ നീക്കം ചെയ്യാൻ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ നിർദേശിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം.
നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും ചെലവ് അതതുസ്ഥാനാർഥികളിൽ നിന്ന് ഈടാക്കും. അവരുടെ തെരഞ്ഞെടുപ്പു ചെലവിൽ ഇതു ഉൾപ്പെടുത്തുകയും ചെയ്യും.
Kerala
വാല്യക്കോട് : തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ സിപിഎം പ്രവര്ത്തകന് കുഴഞ്ഞു വീണ് മരിച്ചു.
വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗം നാഗത്ത് മൊയ്തി ഹാജി (80) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം എല്‍ഡിഎഫ് നൊച്ചാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ വാല്യക്കോട് നടന്ന പ്രകടനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനാണ് മൊയ്തി ഹാജി. പുരോഗമന കലാ സാഹിത്യ സംഘം, കല്പത്തൂര് ഇഎംഎസ് പഠനകേന്ദ്രം എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: കദീശ. മക്കള്‍: സുബൈദ (തിക്കോടി), സക്കീന (പെരുമാള്‍പുരം), ഫൈസല്‍ (സിവില്‍ എന്‍ജിനീയര്‍). മരുമക്കള്‍: ലത്തീഫ് (പെരുമാള്‍പുരം), സഫീന (പള്ളിക്കര), പരേതനായ അബൂബക്കര്‍ (തിക്കോടി).
District News
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിൽ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. 11 ന് രാവിലെ ഏഴു മുതൽ മുതൽ വൈകീട്ട് ആറ് വരെയാണ് ജില്ലയിൽ വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പോലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം. പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ച് മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കും.പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം.
പ്രചാരണം മുറുകി; കൊട്ടക്കലാശം ഇന്ന്
നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇതിനകം മിക്ക സ്ഥാനാർഥികളും മൂന്നിൽ കൂടുതൽ തവണ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥന നടത്തി കഴിഞ്ഞു. സ്വതന്ത്രരടക്കം കൂടുതൽ സ്ഥാനാർഥികളുള്ള വാർഡുകളിലെ വോട്ടർമാരുടെ അടുത്ത് ഒരു ദിവസം തന്നെ ഒന്നിലധികം സ്ഥാനാർഥികളാണ് വോട്ടഭ്യർഥനയുമായി എത്തുന്നത്.
പ്രചാരണത്തിന്റെ അവസാന നാളുകളായപ്പോഴേക്കും പല സ്ഥാനാർഥികളും മൈക്ക് കെട്ടിയുള്ള വാഹന പ്രചാരണം കൂടി തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിനായി ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് നടത്തുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. മികച്ച ശബ്ദ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയാണ് ഇത്തരത്തിലുള്ള ഗാനങ്ങൾ ഇറക്കുന്നത്. ഇതിനായി വലിയ ചെലവും വേണ്ടിവരുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 25,000 രൂപ മാത്രമാണെങ്കിലും യഥാർഥത്തിൽ ചെലവാകുന്നത് ലക്ഷങ്ങളാണ്.
അഞ്ചും എട്ടും പേരുള്ള സംഘങ്ങളായി പ്രചാരണം നടത്തുന്നവരും ധാരാളമാണ്. പ്രധാന നേതാക്കളെ കൊണ്ടുവന്ന് തന്റെ വാർഡിൽ പ്രചാരണം നടത്തി പേരെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ സംസ്ഥാനതല നേതാക്കളൊന്നും വ്യാപകമായി എല്ലാ പ്രദേശങ്ങളിലും ഇറങ്ങി കാണുന്നില്ല. നിലന്പൂർ നിയോജക മണ്ഡലത്തിലെ ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വന്ന് പ്രചാരണം നടത്തി. അതത് മേഖലകളിലെ എംഎൽഎമാരും മറ്റു ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും പ്രചാരണത്തിൽ കൂടെയുണ്ട്. കുടുംബയോഗങ്ങൾ വിളിച്ച് ചേർത്തുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്.
ഒരു സ്ഥാനാർഥി കുടുംബയോഗം വിളിച്ചുചേർത്താൽ എതിർ സ്ഥാനാർഥിയും അതുപോലെ ചെയ്യേണ്ടി വരികയാണ്. സ്വതന്ത്രരടക്കം കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം യോഗങ്ങളിൽ പ്രതീക്ഷയിൽ കവിഞ്ഞ പങ്കാളിത്തവും ഉണ്ടാകുന്നതായാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറയുന്നത്.
മൈക്ക് കെട്ടിയും ബഹളകോലാഹലങ്ങളുമായുള്ള പ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. തുടർന്ന് നിശബ്ദ പ്രചാരണമാണ് ബുധനാഴ്ച നടത്തുക. സ്ഥാനാർഥികളെല്ലാം വീടുകൾ കയറിയുള്ള അവസാനവട്ട വോട്ടുതേടലായിരിക്കും നാളെ നടത്തുക. അതോടൊപ്പം വോട്ടു സാമഗ്രികളുടെ വിതരണം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തും. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വോട്ടെടുപ്പ് തുടങ്ങും.
മലപ്പുറത്ത് കൊട്ടിക്കലാശമില്ല
മലപ്പുറം: മലപ്പുറം കുന്നുമ്മലിലെ സർക്കിൾ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കലാശക്കൊട്ട് ഒഴിവാക്കുവാൻ മലപ്പുറം എസ്എച്ച്ഒ എസ്.കെ. പ്രിയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം.
സ്ഥാനാർഥികൾ തങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ച് മാത്രം ഗതാഗത തടസങ്ങളും മറ്റു പ്രശ്നങ്ങളും ഇല്ലാത്ത രീതിയിൽ കൊട്ടിക്കലാശം പരിപാടികൾ നടത്തും. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഈ തീരുമാനവുമായി സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
കാളികാവിലും വിലക്ക്
കാളികാവ് :കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ കൊട്ടിക്കലാശത്തിന് വിലക്ക്. കൊട്ടിക്കലാശം അക്രമാസക്തമാകുമോ എന്ന ഭയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. കാളികാവ് പോലീസിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പിന് ശേഷവും സമാധാനാന്തരിക്ഷം കാത്തുസൂക്ഷിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
വിജയാഘോഷം അതിരു കടക്കരുതെന്നും പോലീസും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു. വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ എസ്എച്ച്ഒ ഇൻ ചാർജ് ടി.അബ്ദുറാഖ്, എസ്ഐ ഇ.അൻവർ സാദത്ത്, സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ.അലവി എന്നിവരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.
District News
പൂവാർ : സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിക്കുന്നതിനിടെ അനൗൺസർ കുഴഞ്ഞ് വീണ് മരിച്ചു. പൂവാർ ആഷിയാനയിൽ പി.താജുദ്ദീൻ (54) ആണ് മരിച്ചത്. തമിഴ്നാട് അഴകിയ മണ്ഡപം നാഗർ സ്ട്രീറ്റ് കൈതേ മില്ലത്ത് താമസിക്കുന്ന താജുദ്ദീൻ തെരഞ്ഞെടുപ്പ് പ്രമാണിപ്പുള്ള പ്രചാരണത്തിനാണ് നാട്ടിൽ എത്തിയത്.
ഇന്നലെ പൂവാർ പഞ്ചായത്തിൽ ടൗൺ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്.അഹമ്മദ് കബീറിന് വേണ്ടി ഓട്ടോയിൽ അനൗൺസ്മെന്റ് ചെയ്യുന്നതിന്ന് ഇടയിൽ ഓട്ടോയിൽ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. താജുദ്ദീന്റെ അമ്മ പൂവാർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ അമ്മയെ ആശുപത്രിയിൽ പോയി കണ്ട ശേഷമാണ് ഉച്ചയോടെ പ്രചാരണത്തിനായി പോയത്.
വാഹനത്തിൽ കയറി കുറച്ച് ദൂരം അനൗൺസ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള പൂവാർ സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരണം സംഭവിച്ചതായി പൂവാർ പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ : സുൽത്താന. മകൻ : നസീം.
Kerala
മങ്കൊമ്പ്: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രചരണ വാഹനത്തിലെ മൈക്ക് ഓപ്പറേറ്റർ കുഴഞ്ഞുവീണു മരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് 13 ാം വാർഡ് കറുകയിൽ രഘുവാണ് (54) മരിച്ചത്.
വൈകിട്ട് 6.30 ഓടെ വടക്കേ അമിച്ചകരിയിൽ വച്ചാണ് സംഭവം. 13 ാം വാർഡിൽ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനുശേഷം പൈലറ്റ് വാഹനത്തിൽ ചമ്പക്കുളത്തേയ്ക്കു പോകുന്നതിനിടെ നൂറ്റിപ്പത്തു ജംഗ്ഷനിലെത്തിയപ്പോൾ രഘു കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുള്ളവർ ഇയാളെ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മക്കൾ: വിജയ്, വിശാഖ്.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു. കാവശേരി ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പിന്റെ കടിയേറ്റത്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. വെള്ളിക്കെട്ടനാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാനാർഥിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.
District News
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും മുൻകൂട്ടി പോലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ്.
ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം. ജാഥ കടന്നുപോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകർ പരിശോധിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാത്ത വിധത്തിൽ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം.
ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി അത് സംഘടിപ്പിക്കണം. ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടണം.
ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിന്റെ സഹായം തേടാം. ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയപാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർഥിയോ സ്വീകരിക്കാൻ പാടില്ല എന്നും നിർദേശമുണ്ട്.
District News
സ്വന്തം ലേഖകൻ
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ റോഡുകളിലും കവലകളിലും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സജീവമായി. കഴിഞ്ഞ തവണത്തെ കോവിഡ് ഭീതി യിൽ മാറി നിന്ന അനൗണ്‍സ്മെന്റുകൾ അടുത്ത ദിവസം തന്നെ നഗര ഗ്രാമ വീഥികളെ മാറ്റൊലി കൊള്ളിക്കും.
വാട്സാപ്പ്, ഫേസ്ബുക്ക് അടയ്ക്കമുള്ള സോഷ്യൽ മിഡിയകളിൽ ഇതിനകം തന്നെ ചിഹ്നങ്ങളോ ടുകൂടിയ സ്ഥാനാർഥികളുടെ വർണ ചിത്രങ്ങളുമായി അനൗൺസ്മെന്റ് വാഹനങ്ങൾ ഗ്രാമ -നഗര വ്യത്യാസമില്ലാതെ മീഡിയകളിൽ സജീവമാണ്. വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ടു കാണാനാണ് ഇപ്പോൾ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സമയം കണ്ടെത്തുന്നത്.
ഇന്നലെ അവധി ദിനമായതിനാൽ സ്ഥാനാർഥിയടക്കമുള്ള സംഘം തങ്ങളുടെ മുന്നണിയുടെ നിലപാടും നയങ്ങളുമായി വീടുകളിൽ എത്തി. വോട്ടര്‍മാരില്‍ പലരും വീട്ടിലുണ്ടാകുന്ന അവധി ദിവസങ്ങളിൽ കൂടുതലായി വീടുകളിൽ എത്തി വോട്ട് ചോദിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണി നേതൃത്വം.
പരസ്യ പ്രചാരണത്തെക്കാൾ വീടു കൾ കയറി വോട്ടുകൾ ഉറപ്പിക്കുന്നതിലാണ് നേതാക്കളും പ്രവർത്തകരും ഇപ്പോൾ സജീവമായിരി ക്കുന്നത്. സ്ഥാനാർഥികളുമായാണ് ഭൂരിഭാഗവും വീടുകളിലെത്തുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുയോഗങ്ങളും സജീവമാണ്.
ഹരിത തെരഞ്ഞെടുപ്പാണ് ഭരണകൂടം പ്രഖ്യാപിച്ചതെങ്കിലും ഫ്ളക്സ് ബോര്ഡുകളോടുള്ള സ്ഥാനാ ര്‍ഥികളുടെ ആഭിമുഖ്യത്തിന് വലിയ കുറവു വന്നിട്ടില്ല. എങ്കിലും ഫ്ളക്സ് ഒഴിവാക്കിയുള്ള പ്രചാരണ പരിപാടികൾക്കാണ് ഊന്നൽ.
അപരിചിത മുഖങ്ങളായ തങ്ങള്‍ വോട്ടര്‍മാരുടെ ഇടയിലേക്ക് പോകു മ്പോള്‍ പ്രചാരണ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ വലിയ ഗുണം ചെയ്യുന്നുവെന്നാണ് സ്ഥാനാര്‍ഥി കളുടെ വാദം.
പത്രിക സമർപ്പണം പൂർത്തിയാവുകയും പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനി ക്കുകയും ചെയ്യുന്നതോടെ രാത്രിയോടെ സംസ്ഥാനത്തെ സ്ഥാനാർഥികളുടെ യഥാർഥ ചിത്രം വ്യക്തമാകും. വിമത ശല്യം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് തലവേദനയാണ്. പലരേയും പിന്തിരിപ്പിക്കാനുള്ള ശ്രമം നേതൃതലത്തിൽ സജീവമാണ്.
Kerala
തിരുവനന്തപുരം: മംഗലപുരത്ത് ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി.
സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം അറിയിച്ചത്.
District News
ഉദുമ: പരവനടുക്കത്തെ ഓട്ടോഡ്രൈവറായ പി.പദ്മനാഭൻ ഇത്തവണ ചെമ്മനാട് പഞ്ചായത്തിലെ നാലാം വാർഡ് തലക്ലായിയിൽ ബിജെപി സ്ഥാനാർഥിയാണ്. ചെമ്മനാട് സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ ഭാര്യ സൗമ്യ ബിജെപിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലും മത്സരിക്കുന്നു.
ഇവരുടെ മക്കളായ പ്ലസ്ടു വിദ്യാർഥിനി ശിവന്യയും എട്ടാംതരം വിദ്യാർഥിനി ശിവധന്യയും ജില്ലാ സ്കൂൾ കബഡി ടീമിൽ അംഗങ്ങളാണ്. അച്ഛനും അമ്മയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാകുമ്പോൾ മക്കൾ കബഡി പരിശീലനത്തിന്റെ തിരക്കിലാണ്. കാലുവാരലും മലർത്തിയടിക്കലുമൊക്കെ ചേർന്നതാണല്ലോ കബഡിയും രാഷ്ട്രീയവുമെല്ലാം.
സൗമ്യ ഇത് രണ്ടാംതവണയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചെമ്മനാട് പഞ്ചായത്തിലെ ദേളി വാർഡിലേക്കായിരുന്നു മത്സരം. പദ്മനാഭന് ഇത് കന്നിയങ്കമാണ്.
നീലേശ്വരം നഗരസഭയിലെ മുന്നണികൾക്ക്
സ്ഥാനാർഥികളായി
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍: 1.പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റ്- എം. കുഞ്ഞമ്പു നായര്‍, 2.പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ്- പി. വിനോദ്കുമാര്‍, 3.നീലേശ്വരം സെന്‍ട്രല്‍-വി.വി. രാജം, 4.കിഴക്കന്‍കൊഴുവല്‍- കെ. സതീശന്, 5.പാലക്കാട്ട്- പി. രാമചന്ദ്രന്, 7.രാങ്കണ്ടം- എ. രമണി, 8.പട്ടേന- എറുവാട്ട് മോഹനന്, 11.പാലായി- ടി.എസ്. ശശികുമാര്‍, 12.വള്ളിക്കുന്ന്-കെ.പി. കരുണാകരന്, 13.ചാത്തമത്ത്-എ.കെ. പദ്മനാഭന്, 14.പൂവാലംകൈ- കെ.കെ. ശ്രീജ, 15.കുഞ്ഞിപുളിക്കാല്‍- പി. രതീഷ്, 17.പേരോല്‍- ഇ.എം. പദ്മാവതി, 18.തട്ടാച്ചേരി-പി. ഗോപാലകൃഷ്ണന്, 19.പള്ളിക്കര- ആതിര, 20.പള്ളിക്കര 2- സിന്ധു, 21.കരുവാച്ചേരി- ഇ. ഷജീര്‍, 22.കൊയാമ്പുറം-പ്രദീപന് ഇട്ടപ്പുറം, 23.ആനച്ചാല്‍- കെ. മുനീറ, 24.കോട്ടപ്പുറം- അഞ്ചില്ലത്ത് സൗദ, 25.കടിഞ്ഞിമൂല- വി.വി. സീമ, 26.പുറത്തേക്കൈ-വി.വി. ജാനു, 27. തൈക്കടപ്പുറം സൗത്ത്-കെ. പ്രകാശന്, 29.തൈക്കടപ്പുറം നോർത്ത്- ടി.പി. ബീന, 31. തൈക്കടപ്പുറം സ്റ്റോര്‍-ശ്രീജ സത്യന്, 34.നീലേശ്വരം ടൗണ്‍- ഒ.കെ. സതി.
ബിജെപി സ്ഥാനാര്‍ഥികള്‍: 1.സി.എം. ഗോപിനാഥന്, 2.എം. യമുന, 5.വി. സുനില്‍കുമാര്‍, 9.ദിലീഷ്, 11. ഇ.വി. രാജന്, 12.ടി.ഡി. ബിജിമോന്‍, 13.സാഗര്‍ ചാത്തമത്ത്, 14. ശരണ്യ സുനില്‍, 15.പി. മോഹനന്, 17. കൃഷ്ണപിയ, 26.രജിത മധു, 27.പി.പി. ദാമോദരന്‍, 29.സന, 32.ടി. റിജു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
സിപിഎമ്മിന്റെ കെ. സുജാതയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. സിപിഎം 12 സീറ്റുകളില്‍ മത്സരിക്കും. ഏച്ചിക്കാനം, മാവുങ്കാല്‍, ഡിവിഷനുകളില്‍ സിപിഐയും പനയാല്‍ ഡിവിഷനില്‍ ഐഎന്‍എലും മത്സരിക്കും. പത്രസമ്മേളനത്തില്‍ കെ.വി. കുഞ്ഞിരാമന്, കെ. മണികണ്ഠന്, എന്‍. ബാലകൃഷ്ണന്, പി.കെ. അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.
ഡിവിഷനുകളും സ്ഥാനാര്‍ഥികളും: 1.ഉദുമ- എം. ബീബി, 2.കരിപ്പോടി- എ. ബാലകൃഷ്ണന്, 3.പനയാല്‍- പി.എച്ച്. ഹനീഫ, 4.വെളുത്തോളി- പി. ശാന്ത, 5.പെരിയ- ശാരദ എസ്. നായര്‍, 6.പുല്ലൂര്‍-മാടിക്കാല്‍ നാരായണന്, 7.ഏച്ചിക്കാനം- പി. ഗോവിന്ദന്, 8.മടിക്കൈ-കെ. സുജാത, 9.മാവുങ്കാല്‍- ബിന്ദു പാണന്തോട്, 10.മിയൻ- പി.കെ. മഞ്ജിഷ, 11.അജാനൂര്‍- യു.വി. ബഷീര്‍, 12.രാവണീശ്വരം-രതീഷ് വെള്ളംതട്ട, 13.പാക്കം- നസ്നിം വഹാബ്, 14.ബേക്കല്‍- ബി.എം. നഫാസത്ത്, 15.പാലക്കുന്ന്-ശ്രീസ്ത രാമചന്ദ്രന്.
Kerala
ഇടുക്കി: ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം.
യുഡിഎഫ് സ്ഥാനാർഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.
ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനത്തിന് പ്ലാസ്റ്റിക്, പിവിസി, ഫ്ളക്സ് തുടങ്ങിയവ പൂർണമായി നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ.
ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കാൻ പേപ്പർ, പിസിബി സർട്ടിഫൈ ചെയ്ത 100% കോട്ടണ്‍, പുനഃചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കാൻ പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ-പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധനങ്ങളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയാറാക്കണം.
തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെയും തദ്ദേശവകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ. തെരഞ്ഞെടുപ്പ് പ്രചരണത്തിനുശേഷം പാർട്ടികളും സ്ഥാനാർഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം.
അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അതു നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കണം. പോളിംഗ് സ്റ്റേഷനുകളിലും വിതരണ- സ്വീകരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്- വോട്ടെണ്ണൽ ദിനങ്ങളിൽ ജൈവ- അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിനു വേണ്ട ബിന്നുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.
തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കമ്പനി, ഹരിതകർമസേന, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ്വസ്തുക്കൾ നീക്കംചെയ്യണം.
പൊതു പരിപാടികളിൽ ശബ്ദമലിനീകരണം ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.